എ.ഐ. ക്യാമറ വിവാദം: മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല

കോട്ടയം: രേഖകളുടെ പിന്‍ബലത്തോടു കൂടി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എ.ഐ. ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ലജ്ജാകരമെന്ന വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

‘വിഷയത്തില്‍ മന്ത്രി പി. രാജീവ് ശ്രമിക്കുന്നത് കെല്‍ട്രോണിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാനാണ്. ഇനി അറിയേണ്ടത്, മുഖ്യമന്ത്രിയും തട്ടിക്കൂട്ട് കമ്പനികളും തമ്മിലുള്ള ബന്ധം എന്ത് എന്നാണ്. എസ്. ഐ.ആര്‍.ടിക്ക് എന്തിനാണ് കരാര്‍ കൊടുത്തത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് അറിയാനാകും. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ നടന്നു വരുന്നത്. എ.ഐ. ക്യാമറയും ശിവശങ്കറുടെ ബുദ്ധിയും കുഞ്ഞുമാണ്. അവതാരങ്ങളെ മുട്ടി സെക്രട്ടേറിയറ്റിന്റെ ഇടനാഴികയില്‍ കൂടി നടക്കാനാകുന്നില്ല. അന്വേഷണം പ്രഹസനമാണ്. ഇതുകൊണ്ട് തീരുമെന്ന് സര്‍ക്കാര്‍ കരുതണ്ട. പാവപ്പെട്ട ജനങ്ങളുടെ കൈയ്യില്‍ നിന്നും പണം പിഴിയാനുള്ള ശ്രമം അനുവദിക്കില്ല. തെറ്റായ സന്ദേശം നല്‍കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കരുത്‌. സംഭവം ഗൗരവമായി സര്‍ക്കാര്‍ പരിശോധിക്കണമെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇത് കാരണമാകും’- അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.