ബംഗളൂരു: പ്രമുഖ ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്‌ഫോമായ ബൈജൂസിന്റെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ബൈജൂസിന്റെ ബംഗളൂരുവിലെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വിദേശ ഫണ്ടിങ് നിയമങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്ഡ് നടന്നത്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരം (ഫെമ) പ്രകാരമായിരുന്നു പരിശോധന. കമ്പനിയുടെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ താമസ സ്ഥലത്തും പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി. നിരവധി രേഖകളും ഡാറ്റകളും ഓഫീസിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏകദേശം 28,000 കോടി രൂപ 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 9754 കോടി രൂപ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റിയതായും ഇഡി ചൂണ്ടിക്കാട്ടി.

