തെളിവില്ല; ജിയാ ഖാന്റെ മരണത്തില്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ട് കോടതി

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന നടന്‍ സൂരജ് പഞ്ചോളിയെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കി മുബൈ സ്പെഷ്യല്‍ സിബിഐ കോടതി. കേസില്‍ 10 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞത്.

അതേസമയം, 2013 ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ മുംബയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മൂന്ന് ദിവസത്തിന് ശേഷം പൊലീസ് ആറ് പേജുകളുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കാമുകനായ സൂരജ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി കത്തിലുണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍, ജിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ മുംബയ് പൊലീസ് എത്തിയെങ്കിലും മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ജിയയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സി ബി ഐയ്ക്ക് വിട്ടത്. പിന്നീട് ആത്മഹത്യതന്നെയെന്ന് സിബിഐയും സ്ഥിരീകരിക്കുകയായിരുന്നു.