തിരുവനന്തപുരം: അരിക്കൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ന് അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തത് ചൂട് കൂടുതലായതുകൊണ്ടാകാമെന്നും ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നു. കോടതിയിൽ ഹർജി പോയതുകൊണ്ടാണ് ചിന്നക്കനാലിലെ ജനങ്ങൾ ആശങ്കയിലായതെന്നും അദ്ദേഹം വിശദീകരിച്ചു.
വെള്ളിയാഴ്ച്ച പുലർച്ചെയാണ് അരിക്കൊമ്പനെ വെടിവെക്കാനുള്ള ദൗത്യം ആരംഭിച്ചത്. മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൃത്യസംഘത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അരിക്കൊമ്പനെ പിടികൂടിയശേഷം എങ്ങോട്ട് മാറ്റുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

