ബ്രിജ്ഭൂഷണെതിരായ കായിക താരങ്ങളുടെ ആരോപണം; ഇന്ന് തന്നെ കേസെടുക്കുമെന്ന് തുഷാര്‍ മേത്ത

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണിനെതിരായ കായിക താരങ്ങളുടെ ആരോപണങ്ങളില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു.

ബ്രിജ്ഭൂഷണിനെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. മറ്റ് പരാതിക്കാരുടെ സുരക്ഷാ കമ്മീഷണര്‍ സ്ഥിതി വിലയിരുത്തി തീരുമാനിക്കണം. കോടതി നിലവില്‍ അന്വേഷണം നിരീക്ഷിക്കുന്നില്ല. എന്നാല്‍ എന്തു സംഭവിക്കുന്നുവെന്ന് കൃത്യമായി കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം, ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.