ചെങ്ങന്നൂര്‍-പമ്പ ആകാശപാത: കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്‌

പത്തനംതിട്ട: ചെങ്ങന്നൂര്‍-പമ്പ ആകാശപാതയുടെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൂര്‍ണമായും ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി-മീററ്റ് റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം മാതൃകയാകും ചെങ്ങന്നൂര്‍-പമ്പ എലിവേറ്റഡ് പാതയ്ക്കു സ്വീകരിക്കുക. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 45 മിനിറ്റ് കൊണ്ടു തീര്‍ത്ഥാടകരെ ചെങ്ങന്നൂരില്‍ നിന്നു പമ്പയിലെത്തിക്കാനാവും. ചെങ്ങന്നൂരില്‍ നിന്നു ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, അത്തിക്കയം, പെരുന്തേനരുവി, കണമല, അട്ടത്തോട് വഴിയാണു പാത പമ്പയില്‍ എത്തുക. എന്നാല്‍, ആറന്മുളയില്‍ മാത്രമാണു സ്റ്റോപ്പ്.

ചെങ്ങന്നൂര്‍-പമ്പ ആകാശപാത എന്ന പദ്ധതിയില്‍ വിശദമായ റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് ഇ. ശ്രീധരന്‍ നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സംവിധാനമാകും ചെങ്ങന്നൂര്‍-പമ്പ ആകാശപാത. ആര്‍ ആര്‍ ടി സി സംവിധാനമാകും ഇതിന് അനുയോജ്യമെന്ന ശ്രീധരന്റെ വിലയിരുത്തലും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, 8 കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണു ആര്‍ആര്‍ടിഎസില്‍ ഉപയോഗിക്കുന്നത്. തൂണുകളില്‍ ഇരട്ടപ്പാതയാകും നിര്‍മ്മിക്കുക. പമ്പയുടെ തീരത്തു കൂടി ആകാശ പാത നിര്‍മ്മിച്ചു ചെങ്ങന്നൂരില്‍നിന്നു ശബരിമല തീര്‍ത്ഥാടകരെ പമ്പയിലെത്തിക്കുന്ന പദ്ധതിയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേക്കായി മാര്‍ച്ചില്‍ റെയില്‍വേ 1.88 കോടി രൂപയുടെ കരാര്‍ നല്‍കിയിരുന്നു. നവംബറില്‍ റിപ്പോര്‍ട്ട് കൈമാറും. പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ് ആകാശപാതയുടെ 75 കിലോമീറ്റര്‍ റൂട്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പമ്പ വരെ ആകാശ പാതയിലൂടെ തീര്‍ത്ഥാടകര്‍ക്ക് എത്താനാകും.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് എത്താന്‍ വെറും 45 മിനിറ്റ് മാത്രം മതിയാകുന്ന തരത്തില്‍ ചെങ്ങന്നൂര്‍ പമ്പ റെയില്‍ പാതയാണ് തയ്യാറാകുന്നത്. പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെ തൂണുകള്‍ ഉപയോഗപ്പെടുത്തിയാണ് പാത യാഥാര്‍ത്ഥ്യമാക്കുന്നത്. തൂണുകള്‍ മതിയായ ഉയരത്തില്‍ സ്ഥാപിക്കുന്നതിനാല്‍ റെയില്‍ സംവിധാനം വനഭൂമിയെ തടസ്സപ്പെടുത്തുന്നില്ല. മോണോ റെയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവാണെന്ന ആക്ഷേപം വന്നപ്പോള്‍ പകരം വേഗപാതയാണ് അനുയോജ്യമെന്ന് തീരുമാനിക്കുകയായിരുന്നു.