ഇനി അച്ചടിയില്ല; വീനര്‍ സെയ്തുങും ഓണ്‍ലൈനിലേക്ക്‌

നീണ്ട ചരിത്രമുണ്ടായിരുന്ന പല പത്ര സ്ഥാപനങ്ങളും സാമ്പത്തിക ബാധ്യത താങ്ങാനാകാതെ അടച്ചു പൂട്ടാന്‍ കാരണം ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാവുകയും വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്താന്‍ ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്തുകയും ചെയ്ത് തുടങ്ങിയതോടെയാണ്. എന്നാല്‍, ഓണ്‍ലൈനിലേക്ക് മാറാതെയിരുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നായ വീനര്‍ സെയ്തുങും ഒടുവില്‍ ചുവടു മാറ്റുകയാണ്.

1703-ല്‍ Wiennerisches Diarium എന്ന പേരിലാണ് പത്രം സ്ഥാപിക്കപ്പെട്ടത്. പിന്നീട് 1780-ല്‍ Wiener Zeitung എന്ന് പേര് മാറ്റി. 1857-ല്‍ ഓസ്ട്രിയയിലെ ചക്രവര്‍ത്തി ഫ്രാന്‍സ് ജോസഫ് ഒന്നാമന്‍ പത്രത്തെ ഏറ്റെടുക്കുയും ദേശസാല്‍ക്കരിച്ച് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റായി മാറ്റുകയും ചെയ്തു. ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദിനപത്രത്തിന്റെ ഭാവിയെക്കുറിച്ച് ഓസ്ട്രിയന്‍ സര്‍ക്കാരും പത്രവും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പര്യവസാനമാണ് ഇപ്പോള്‍ ഈ തീരുമാനമുണ്ടായത്. ജൂലൈ ഒന്ന് മുതല്‍ പത്രം പ്രാഥമികമായി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് നോര്‍ബര്‍ട്ട് ഹോഫര്‍ അറിയിച്ചു. ‘നിയമപരമായി വെടിവച്ചു’ എന്ന് ജര്‍മ്മന്‍ ഭാഷയില്‍ കുറിച്ച് കൊണ്ടാണ് പത്രം പുതിയ ചുവട് മാറ്റത്തെ ട്വിറ്ററില്‍ പങ്കുവച്ചത്. ഔദ്യോഗിക ഗസറ്റ് എന്ന നിലയില്‍ പത്രത്തിന്റെ പങ്ക്, അതിന്റെ പ്രധാന വരുമാന സ്രോതസ്സ്, ഒരു പ്രത്യേക സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറും. ഔദ്യോഗിക വിവരങ്ങള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകരിക്കാനും പ്രസിദ്ധീകരിക്കാനുമുള്ള യൂറോപ്യന്‍ നിര്‍ദേശപ്രകാരമാണ് പത്രം ഓണ്‍ലൈനിലേക്ക് മാറുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, സര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരെ നിരവധി പേര്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ പത്രത്തെ ചരിത്രമാക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.