ഇടുക്കി: അരിക്കൊമ്പനെ വെള്ളിയാഴ്ച്ച പുലർച്ചെ മയക്കുവെടിവയ്ക്കും. പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ വെടിവെക്കുന്ന ദൗത്യം ആരംഭിക്കുന്നത്. മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൃത്യസംഘത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അരിക്കൊമ്പനെ പിടികൂടിയശേഷം എങ്ങോട്ട് മാറ്റുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യത്തിനായി ചിന്നക്കനാലിലെ കുങ്കി ക്യാമ്പും അവസാനവട്ട ഒരുക്കത്തിൽ ആണ്. നാലു ആനകളാണ് അരിക്കൊമ്പൻ മിഷനിൽ പങ്കെടുക്കുന്നത്. 301 കോളനിയിലെ മറയൂർ കുടി ക്യാമ്പിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടത്തിയാണ് തയ്യാറെടുപ്പുകൾ വിലയിരുത്തിയത്.
അരിക്കൊമ്പനെ ഏറ്റവും ഒടുവിൽ കണ്ടത് 301 കോളനിയോട് ചേർന്ന ഭാഗങ്ങളിലാണ്. നാല് കുങ്കിയാനകൾ ഈ മേഖലയിലുണ്ട്. ഇത് ദൗത്യം എളുപ്പമാക്കുമെന്നാണ് കണക്കാക്കപ്െടുന്നത്. അരിക്കൊമ്പനെ വെള്ളിയാഴ്ച്ച രാവിലെ ആറിനു തന്നെ വെടിവയ്ക്കാനാണ് തീരുമാനം. ഇതിനുളള തോക്കുകളും മരുന്നുകളും ദൃത്യമേഖലയിൽ എത്തിക്കുകയും ചെയ്തു.
അരിക്കൊമ്പൻ വെടിയേറ്റ് മയങ്ങിയെന്നുറപ്പായാൽ നാല് കുങ്കിയാനകളേയും സമീപത്തേക്ക് എത്തിക്കും. മയക്കം വിടുമുമ്പേ തന്നെ റേഡിയോ കോളർ ധരിപ്പിക്കും. പിന്നീട് പ്രത്യേക ലോറിയിലേക്ക് മാറ്റും. എട്ട് വിവിധ സംഘങ്ങളെ ദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.

