ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ദേശീയ പാതകളുടെ ദൈർഘ്യം 50,000 കിലോമീറ്റർ വർധിച്ചുവെന്ന് കണക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ ദേശീയ പാത വികസനത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇന്ത്യയിൽ ആകെ 97,830 കിലോമീറ്റർ ദേശീയ പാതയാണ് 2014-15 കാലഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ 2023 മാർച്ച് ആയപ്പോഴേക്കും ഇവ 145,155 കിലോമീറ്ററായി വികസിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.
റോഡുകളും ദേശീയ പാതകളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ്.സാമ്പത്തിക വികസനം മാത്രമല്ല സാമൂഹിക പ്രതിരോധ മേഖല എന്നിവയുടെ വികസനത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും റോഡ് ഗതാഗതം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഏകദേശം 85 ശതമാനം യാത്രക്കാരാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചരക്ക് നീക്കത്തിന് വേണ്ടിയാണ് ഇതിൽ 70 ശതമാനം പേർ റോഡിനെ ആശ്രയിക്കുന്നത്.
ഏകദേശം 63.73 ലക്ഷം കിലോമീറ്ററാണ് രാജ്യത്തെ റോഡ് ശ്യംഖല. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശ്യംഖലയുള്ള രാജ്യമാണ് ഇന്ത്യ.

