സോഫിയ പോളിന്റെ ആരോപണങ്ങൾ നിഷേധിച്ച് നടൻ ഷെയ്ൻ നിഗം; അമ്മ സംഘടനയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: നിർമാതാവ് സോഫിയ പോളിന്റെ ആരോപണങ്ങൾ നിഷേധിച്ച് നടൻ ഷെയ്ൻ നിഗം. തനിക്കെതിരെ സോഫിയ പോൾ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് താരം പറഞ്ഞു. ആർഡിഎക്‌സ് സിനിമയുടെ സെറ്റിൽ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നൽകിയതെന്നും നിർമാതാവിന്റെ ഭർത്താവ് തന്റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. താരസംഘടനയായ അമ്മയ്ക്ക് നൽകിയ കത്തിലാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് ഷെയ്ൻ അമ്മ സംഘനയ്ക്ക് കത്ത് നൽകിയത്.

നുണപ്രചാരണങ്ങൾ തനിക്ക് മനോവിഷമമുണ്ടാക്കി. സിനിമയുടെ എഡിറ്റിങ് കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മൂന്ന് അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാൻ തനിക്ക് താൽപര്യമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. എന്നാൽ സംവിധായകൻ പറഞ്ഞത് തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്നാണ്. താൻ അവതരിപ്പിക്കുന്ന റോബർട്ട് എന്ന കഥാാത്രമാണ് നായകനെന്നും പറഞ്ഞു. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം എനിക്ക് അതിൽ സംശയം വന്നു. തുടർന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

നിർമാതാവിന്റെ ഭർത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടർന്നാണ് അമ്മ ക്ഷോഭിച്ചതെന്നും താരം കത്തിൽ പറയുന്നു.