തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി കെ അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ്; വിശദീകരണവുമായി ധനമന്ത്രി

ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. എം കെ സ്റ്റാലിൻ സർക്കാരിനെ പിടിച്ചുകുലുക്കാൻ ഈ വിവാദത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് ധനമന്ത്രി പഴനിവേൽ ത്യാഗരാജന്റേതെന്ന പേരിലുള്ള ഓഡിയോ ക്ലിപ്പാണ് അണ്ണാമലൈ പുറത്തു വിട്ടത്. 57 സെക്കന്റാണ് ഓഡിയോ ക്ലിപ്പിന്റെ ദൈർഘ്യം. ഡിഎംകെ സർക്കാരിനെ കുറിച്ച് ക്ലിപ്പിൽ പരാതി പറയുന്നുന്നുവെന്നാണ് അണ്ണാമലൈയുടെ ആരോപണം.

എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടിട്ടുള്ളതെന്നാണ് അണ്ണാമലൈ പറയുന്നത്. അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്ന് ഈ ശബ്ദരേഖയിൽ പറയുന്നുണ്ട്.

ഒരു മാധ്യമപ്രവർത്തകനുമായി പളനിവേൽ ത്യാഗരാജൻ സംസാരിച്ച വിവരങ്ങളാണ് ശബ്ദരേഖയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് തനിക്ക് ഇഷ്ടപ്പെട്ട കാര്യം അതാണെന്നും ശബ്ദരേഖയിൽ ചൂണ്ടിക്കാട്ടുന്നു

അതേസമയം, ശബ്ദ സന്ദേശം വ്യാജമാണെന്നാണ് തമിഴ്നാട് ധനമന്ത്രി പഴനി വേൽ ത്യാഗരാജന്റെ വിശദീകരണം. ഡിഎംകെയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ അണ്ണാമലൈ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് പിടിആർ ആരോപിച്ചു. മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട് കൈവരിച്ചുകൊണ്ടിരിക്കുന്ന വലിയ കുതിച്ചുചാട്ടത്തിലുള്ള എതിർപ്പാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലുള്ളതെന്ന് അദ്ദേഹം അറിയിച്ചു.