ന്യൂഡല്‍ഹി: ഗാല്‍വാന്‍ നദിക്കരയില്‍ ഇന്ത്യയുടെ ഭാഗത്തെ റോഡ് നിര്‍മ്മാണം ചൈന എതിര്‍ത്തതിനെ തുടര്‍ന്നാണ് 2020 മേയ് അഞ്ചിന് ഇരു രാജ്യത്തെ സൈനികര്‍ തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇപ്പോഴും സ്ഥലത്ത് നിലനിന്ന സംഘര്‍ഷം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. പാകിസ്ഥാനിലൂടെയടക്കം കടന്നുപോകുന്ന ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് എന്നത് ഇന്ത്യയ്ക്കെതിരെയുള്ള ചൈനയുടെ പ്രതിരോധം കൂട്ടാനുള്ള ശ്രമമായിരുന്നു.
ഇന്ത്യയുടെ ചുറ്റിനുമുള്ള രാജ്യങ്ങളില്‍ നയതന്ത്ര ബന്ധമുണ്ടാക്കിയെടുത്തിരിക്കുകയാണ് ചൈന. പാകിസ്ഥാന്, ശ്രീലങ്ക, മ്യാന്മാര് എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പാക്കാന്‍ സാമ്പത്തികവും സൈനികവുമായ സഹായം നല്കി ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണ്. ഇവിടങ്ങളില്‍ സൈനികശക്തി പ്രകടിപ്പിക്കാനുള്ള ചൈനയുടെ ഈ ശ്രമം ആശങ്കകള്‍ക്ക് വകവച്ചിട്ടുണ്ട്. സാമ്പത്തികമായി തകര്‍ച്ചയെ നേരിടുന്ന ഈ രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെ വരെ നേരിട്ട് ചൈനയുടെ നയം സ്വാധീനിക്കുകയുമാണ്. ‘ചൈനയുടെ ഉയര്‍ച്ചയും അതില്‍ ലോകത്തിനുണ്ടാകുന്ന പ്രത്യാഘാതവും’ എന്ന വിഷയത്തില്‍ പ്രസംഗിക്കവെ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ സൂചിപ്പിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ ചൈന പിന്തുടരുന്ന പ്രകോപനപരമായ നിലപാടും മേഖലയില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള അവരുടെ ശ്രമങ്ങളും അദ്ദേഹം വ്യക്തമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നാവികസേനയെ ദ്രുതഗതിയില്‍ വികസിപ്പിക്കുന്നത് ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും ജനറല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയ്ക്ക് ചുറ്റുമുള്ള സമുദ്രാതിര്‍ത്തികളില്‍ ചൈന നിരന്തരം സൃഷ്ടിക്കുന്ന ഭീഷണിയെ അതേ നാണയത്തില്‍ തന്നെയാണ് ഇന്ത്യ നേരിടുന്നത്. ചൈന ബന്ധം സ്ഥാപിക്കുന്ന ഇതേ രാജ്യങ്ങളുമായി പരമാവധി സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധം മെച്ചപ്പെടുത്തുകയും ചൈനയുമായി നിരന്തരം എതിര്‍പ്പുണ്ടാകുന്ന തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും ഏഷ്യാ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായും ആഴത്തിലേറിയ മികച്ച ബന്ധം ഉണ്ടാക്കിയെടുക്കാനും ഇന്ത്യയ്ക്കായിട്ടുണ്ട്.

