കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് മാമുക്കോയയുടെ വിയോഗം.
ഏപ്രിൽ 24 ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെയാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്ടമായതോടെ അദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില അൽപം മുമ്പ് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയയുടെ ജനനം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. അന്യരുടെ ഭൂമി എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

