മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍…

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യത ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഫോണ്‍ ചാര്‍ജില്‍ ഇട്ടുകൊണ്ടിരിക്കുമ്‌ബോള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഇത്തരത്തില്‍ ചാര്‍ജിലായിരിക്കുമ്‌ബോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫോണ്‍ ചാര്‍ജില്‍ വച്ച ശേഷം ഏറെ നേരത്തേക്ക് ചാര്‍ജര്‍ ഡിസ്‌കണക്ട് ചെയ്യാതെ വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ഫോണ്‍ അധികസമയത്തേക്ക് ചാര്‍ജിലിടുന്നതും നല്ലതല്ല. ഇതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മൊബൈല്‍ ഫോണ്‍ അസാധാരണമായ രീതിയില്‍ ചൂടാകുന്നൊരു പ്രശ്‌നം ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഒന്നുകില്‍ ഇത് ബാറ്ററിയുടെ പ്രശ്‌നമാണ് കാണിക്കുന്നത്, അതല്ലെങ്കില്‍ ഫോണിന് മറ്റെന്തെങ്കിലും പ്രശ്‌നം സംഭവിച്ചു എന്നതിന്റെ സൂചനയുമാകാം. എന്തായാലും ഇങ്ങനെ ഫോണ്‍ ചൂടാകുന്നുവെങ്കില്‍ തീര്‍ച്ചയായും അതൊരു കടയില്‍ കാണിച്ച് വേണ്ടവിധത്തില്‍ പരിഹരിക്കുകയോ ഫോണ്‍ മാറ്റുകയോ ചെയ്യുന്നതാണ് ഉചിതം. ഫോണ്‍ ചാര്‍ജിലിട്ട് അത് കിടക്കുന്നതിന്റെ തൊട്ടടുത്തായി വയ്ക്കുന്നവര്‍ ഏറെയാണ്. ഇതിന് സൗകര്യപ്രദമായിട്ടുള്ള രീതിയിലായിരിക്കും സ്വിച്ച് ബോര്‍ഡ് ക്രമീകരിക്കുന്നതും. എന്നാല്‍ ഇങ്ങനെ കിടക്കാന്‍ നേരം തൊട്ടടുത്ത് ഫോണ്‍ ചാര്‍ജിലിട്ട് വയ്ക്കുന്ന രീതി ഒട്ടും നല്ലതല്ല. ഫോണ്‍ കിടക്കുന്നതിന് അകലെയായിട്ട് വേണം എപ്പോഴും സൂക്ഷിക്കാന്‍.

കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ കൊടുക്കുന്നതില്‍ പ്രത്യേകമായ അപകടസാധ്യത ഒന്നുമില്ല. എങ്കില്‍പോലും ചെറിയ കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ കൊടുത്ത് ദീര്‍ഘസമയം അവരെ ശ്രദ്ധിക്കാതെ ഇരിക്കരുത്. ഫോണ്‍ ചൂടാകുന്നുണ്ടോ, ചാര്‍ജിലാണോ എന്ന് തുടങ്ങി സുരക്ഷ സംബന്ധിച്ച കാര്യങ്ങളെല്ലാം ഇടയ്ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്