എസ്ആര്‍ഐടിയുമായി ബന്ധമില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി; എന്നാല്‍, വെബ് സൈറ്റ് ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ

കോഴിക്കോട്: സംസ്ഥാനത്തെ എഐ ക്യാമറ വിവാദത്തില്‍ പെട്ട എസ്ആര്‍ഐടി കമ്പനിയുമായി നിലവില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി വ്യക്തമാക്കിയത്. മുന്‍പ് രൂപീകരിച്ച യുഎല്‍സിഎസ് എസ്ആര്‍ഐടി സംരംഭം 2018 ല്‍ പിരിച്ചുവിട്ടതാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, കമ്പനി കാര്യ വകുപ്പിന്റെ വെബ് സൈറ്റില്‍ യുഎല്‍സിഎസ് എസ്ആര്‍ഐടി എന്ന സ്ഥാപനം ഇപ്പോഴും സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ അവസാന വാര്‍ഷിക പൊതുയോഗം നടന്നത് 2022 ഓഗസ്റ്റിലാണ്. ഈ കമ്പനിയെയാണ് പിരിച്ചു വിട്ടെന്ന് ഊരാളുങ്കലിലെ രമേശന്‍ പാലേരി പറയുന്നത്. മധുസൂധനന്‍ രാഘവന്‍ നമ്പ്യാരും രമേശന്‍ പല്ലേരിയും മാര്‍ട്ടിന്‍ പൂവക്കുളം ചാക്കോയും ഷാജുവും ആണ് ഊരാളുങ്കല്‍ സിര്‍ട്ട് എന്ന കമ്പനിയുടെ ഡയറക്ടര്‍മാര്‍.

അതേസമയം, എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് പല താത്പര്യങ്ങളും കാണും. പ്രസാദിയോ കമ്പനിയെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഒരു അന്വേഷണം നടത്തിയാല്‍ ഈ കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടും എന്ന് പറഞ്ഞ് ഒഴിയുകയാണ് രമേശന്‍ പാലേരി. എസ്ആര്‍ഐറ്റി അല്ല യുഎല്‍സിസിഎസ് സിര്‍ട്. എസ്ആര്‍ഐറ്റി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എസ്ആര്‍ഐറ്റി പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ യുഎല്‍സിസിഎസ് സിര്‍ട് ആണ് യഥാര്‍ത്ഥ എസ്ആര്‍ഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം എന്നായിരുന്നു ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വിശദീകരണത്തില്‍ ഊരാളുങ്കല്‍ ചൂണ്ടിക്കാട്ടിയത്.

അതിനിടെ, സിപിഎമ്മിന് ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുമായി എസ്.ആര്‍.ഐ.ടിക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ‘ഊരാളുങ്കലും എസ്.ആര്‍.ഐ.ടിയും ചേര്‍ന്ന് നേരത്തെ മറ്റൊരു കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള പവര്‍ ബ്രോക്കേഴ്‌സാണ് ഇത്തരം കറക്ക് കമ്പനികള്‍ക്ക് പിന്നില്‍. ഇതെല്ലാം എത്തിച്ചേരുന്നത് ഒരു പെട്ടിയിലേക്കാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ പദ്ധതികളുടെയും കരാര്‍ മുന്‍കാല പരിചയമില്ലാത്ത ഇത്തരം പവര്‍ ബ്രോക്കേഴ്‌സിന് ലഭിക്കുന്ന സ്ഥിതിയാണ്. സര്‍ക്കാരിന്റെ കരാര്‍ നടപടികളിലെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. എ.ഐ കരാറുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ പ്രതിപക്ഷം പുറത്ത് വിടും’- എന്നാണ് സതീശന്‍ വ്യക്തമാക്കിയത്.

ഊരാളുങ്കലിന്റെ വാര്‍ത്താ കുറിപ്പ്

എ ഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പരാമര്‍ശിക്കപ്പെട്ട എസ്ആര്‍ഐറ്റി കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നു ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവും ഇല്ല. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാരാരും ഊരാളുങ്കലിന്റെ ഡയറക്ടര്‍മാരും അല്ല. ബംഗളൂര്‍ ആസ്ഥാനമായ എസ്ആര്‍ഐറ്റി (SRIT India Pvt Ltd.). അവര്‍ ഒരു ആശുപത്രി സോഫ്റ്റ്വെയര്‍ വികസനപദ്ധതി 2016-ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിന്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡിറക്റ്റര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. ULCCS SRIT യുടെ ദൗത്യം 2018-ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോള്‍ നിലവിലില്ല.

എന്നാല്‍, കമ്പനികളുടെ വിവരങ്ങള്‍ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്സൈറ്റുകളില്‍ല്‍ എസ്ആര്‍ഐറ്റി എന്നു തെരഞ്ഞാല്‍ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്‌സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും എസ്ആര്‍ഐറ്റി എന്നു കേള്‍ക്കുന്നിടത്തെല്ലാം ഊരാളുങ്കലിനെ കൂട്ടിക്കെട്ടാന്‍ മുതിരുന്നത്. എസ്ആര്‍ഐറ്റി അല്ല ULCCS SRIT. എസ്ആര്‍ഐറ്റി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാല്‍ എസ്ആര്‍ഐറ്റി പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാര്‍ത്ഥ എസ്ആര്‍ഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം.

എസ്ആര്‍ഐറ്റി തന്നെ ഇക്കാര്യം വ്യക്തമാക്കിയത് മുമ്പ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു: https://tinyurl.com/y6ehunrr. വസ്തുതകള്‍ ഇതാണ്. എസ്ആര്‍ഐറ്റിയുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. അതിനാല്‍, ഈ വിഷയത്തില്‍ ഊരാളുങ്കലിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും അത്തരം വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ അതു തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓണ്‍ലൈനില്‍നിന്നടക്കം ആ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണം.