സിംഹവാലന്‍ കുരങ്ങിന്റെ സ്ഥിതി; ഡി.വൈ.എഫ്.ഐക്ക് കേരളത്തില്‍ അധികകാലം പിടിച്ചുനില്‍ക്കാനാകില്ലെന്നും കെ. സുരേന്ദ്രന്‍

കൊച്ചി: ഡി.വൈ.എഫ്.ഐക്ക് സിംഹവാലന്‍ കുരങ്ങിന്റെ സ്ഥിതിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ലോകത്താകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. കേരളത്തിലും അധികം കാലം പിടിച്ചുനില്‍ക്കാനാകില്ല. ക്രൈസ്തവ സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാ മത മേലധ്യക്ഷന്മാരും ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ സമൂഹം മുഴുവന്‍ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. മോദിയെ പോലെ ഒരു മികച്ച പ്രധാനമന്ത്രി ഇല്ലെന്ന് എല്ലാവരും അംഗീകരിക്കുന്നു. കാണാനുള്ള ആഗ്രഹം ഇരുവിഭാഗങ്ങളിലും ഉണ്ടാകുമ്പോഴാണ് കൂടിക്കാഴ്ച സാധ്യമാകുന്നത്. മുസ്ലീം മതനേതാക്കള്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് നിഷേധിക്കുന്ന വ്യക്തിയല്ല നരേന്ദ്ര മോദി’- അദ്ദേഹം വ്യക്തമാക്കി.