തമിഴ്‌നാട്ടിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയറില്‍ ആദായ നികുതി വകുപ്പിന്റ റെയ്ഡ്‌

തമിഴ്‌നാട്ടിലെ ജി സ്‌ക്വയര്‍ എന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റ പരിശോധന. ചെന്നൈയും കോയമ്പത്തൂരുമടക്കം അമ്പതോളം ഇടങ്ങളിലാണ് പരിശോധന. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ചെന്നൈ അണ്ണാനഗര്‍ എംഎല്‍എ എം.കെ മോഹന്റെ വീട്ടിലും സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നുണ്ട്.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ‘ഡിഎംകെ ഫയല്‍സ്’ എന്ന പേരില്‍ ഡിഎംകെയുടെ അഴിമതികളെ കുറിച്ചുള്ള ചില വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. ധനമന്ത്രി പളനിവെല്‍ ത്യാഗരാജന്റേത് എന്ന പേരില്‍ ബിജെപി പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍, സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍ ശബരീശനും അളവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നു എന്ന് അദ്ദേഹം മറ്റൊരു മാധ്യമപ്രവര്‍ത്തകനോട് പറയുന്നുണ്ട്.

അതേസമയം, ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പരിശോധിക്കണെമെന്ന് ഡിഎംകെയും നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കൂടിയാണ് ഇന്ന് ആദ്യ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നത്.