വന്ദേഭാരത് ട്രെയിൻ ടിക്കറ്റ് റിസർവേഷന് മികച്ച പ്രതികരണം; ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ തീർന്നു

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ടിക്കറ്റ് റിസർവേഷന് മികച്ച പ്രതികരണം. ഞായറാഴ്ച്ച രാവിലെയാണ് വന്ദേഭാരതിന്റെ ബുക്കിംഗ് ആരംഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ തീർന്നു. രണ്ടു ദിവസത്തെ എക്‌സിക്യുട്ടീവ് ക്ലാസ് ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലേക്കു നീങ്ങി. ചെയർ കാർ ടിക്കറ്റുകൾ മൂന്നിൽ രണ്ടും റിസർവേഷനായി. ചൊവ്വാഴ്ച്ചയാണ് വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യും.

ഏപ്രിൽ 28 മുതൽ വന്ദേഭാരത് റഗുലർ സർവീസ് ആരംഭിക്കും. അഞ്ചു ദിവസത്തേക്ക് എക്‌സിക്യുട്ടിവ് ചെയർകാർ ടിക്കറ്റുകൾ ലഭ്യമല്ല. ചെയർ കാറിൽ 914 സീറ്റും എക്‌സിക്യുട്ടീവിൽ 84 സീറ്റും ഉൾപ്പെടെ 1000 സീറ്റാണ് വന്ദേഭാരതിലുള്ളത്. മറ്റു ട്രെയിനുകളിലേതിന് സമാനമായി റയിൽവേ ബുക്കിംഗ് സെന്ററുകളിൽ നിന്നും വെബ്സൈറ്റ്, മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ചെയർകാറിൽ 1590 രൂപയും എക്‌സിക്യുട്ടീവിൽ 2880 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണത്തിന്റെ വില ഉൾപ്പെടെയുള്ള നിരക്കാണിത്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ചെയർകാറിൽ 1520 രൂപയും എക്‌സിക്യുട്ടീവിൽ 2815 രൂപയും മതി. ഭക്ഷണത്തിന്റെ നിരക്കിലെ വ്യത്യാസമാണ് ടിക്കറ്റ് ചാർജ് കുറയാൻ കാരണം.

കാസർകോട്ടേക്ക് പോകുമ്പോൾ രാവിലെ കാപ്പിയും ഉച്ചഭക്ഷണവും ലഘു ഭക്ഷണവും നൽകേണ്ടിവരും. തിരികെ വൈകിട്ട് ലഘുഭക്ഷണവും അത്താഴവും മാത്രം നൽകിയാൽ മതിയാകുമെന്നതാണ് ഇതിന് പിന്നിലെ കാരണം. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കുള്ള യാത്രാസമയം എട്ടു മണിക്കൂറും അഞ്ചു മിനിട്ടുമാണ്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോടിന് ചെയർ കാറിൽ 1090 രൂപയാണ് നിരക്ക്. ഇതിൽ അടിസ്ഥാന ടിക്കറ്റ് നിരക്ക് 803 രൂപ, റിസർവേഷൻ ചാർജ് 40, സൂപ്പർ ഫാസ്റ്റ് ചാർജ് 45, ചരക്കു സേവന നികുതി 45, കാറ്ററിംഗ് ചാർജ് 157 രൂപ എന്നിവ ഉൾപ്പെടുന്നു.