തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിന് എത്തുന്നതിന് മുൻപ് മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ താൻ ആകാംഷാഭരിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളാ സന്ദർശനം നടത്തുന്നതിന്റെ ആവേശമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
കേരളത്തിലെ 11 ജില്ലകൾക്ക് പ്രയോജനകരമായ വന്ദേഭാരത് സർവീസ് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ യുവജനങ്ങൾ അവരുടെ അസാമാന്യമായ കഴിവിനും തീക്ഷ്ണതയ്ക്കും പേരുകേട്ടവരാണ്. ഏപ്രിൽ 24 ന് വൈകുന്നേരം, കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ കേരളത്തിലെ യുവജനങ്ങളുമായി സംവദിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടും, അത് ഈ ഊർജ്ജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

