ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-55 വിക്ഷേപണം വിജയം. സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം.
വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2, ലൂമെലൈറ്റ് -4 എന്ന രണ്ട് സിംഗപ്പൂര്‍ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഈ രണ്ട് ഉപഗ്രഹങ്ങള്‍ക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്. 1993 സെപ്റ്റംബറിലാണ് പിഎസ്എല്‍വി ആദ്യമായി വിക്ഷേപിക്കന്നത്. അതിനുശേഷം 56 തവണ ഈ ഉപഗ്രഹം വിക്ഷേപിച്ചു. റോക്കറ്റിന്റെ അസംബ്ലിങ്ങിനും പറക്കലിനും കുറഞ്ഞ സമയമെടുക്കുന്ന തരത്തിലാണ് സംയോജനം നടത്തിയിരിക്കുന്നത്. നേരത്തെ പിഎസ്എല്‍വിയുടെ എല്ലാ ഭാഗങ്ങളും ലോഞ്ച്പാഡിലെ മൊബൈല്‍ സര്‍വീസ് ടവര്‍ വഴിയാണ് ആദ്യം സംയോജിപ്പിച്ചിരുന്നത്.
അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തിയേറിയതുമായ ബഹിരാകാശയാനം സൗത്ത് ടെക്സാസില്‍ നിന്നും കഴിഞ്ഞ ദിവസം പറന്നുയര്‍ന്നിരുന്നു. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, റോക്കറ്റ് വേര്‍പെടാന്‍ പരജയപ്പെട്ടതോടെ മെക്സിക്കൊ ഉള്‍ക്കടലിനു മുകളില്‍ വെച്ച് തല കുത്തുകയായിരുന്നു. എന്നാല്‍, ഇതൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് സ്പേസ് എക്സോ എലണ്‍ മസ്‌കോ സമ്മതിക്കുന്നില്ല, ലോഞ്ചിങ് പാഡില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയതു തന്നെ ഒരു വിജയമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഏകദേശം 3 ബില്യണ്‍ ഡോളറിനും 10 ബില്യണ്‍ ഡോളറിനും ഇടയില്‍ ചെലവ് വരുമെന്ന് മസ്‌ക് തന്നെ അവകാശപ്പെട്ട ഈ പദ്ധതി വിജയിക്കുവാനുള്ള സാധ്യത അന്‍പത് ശതമാനം മാത്രമാണെന്നും മസ്‌ക് കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഇത്തരത്തില്‍ പരാജയപ്പെട്ട പരീക്ഷണങ്ങളില്‍ നിന്നാണ് വിജയം ഉണ്ടാകുന്നത് എന്ന് പറഞ്ഞ മസ്‌ക്, ഇത്, സ്റ്റാര്‍ഷിപ്പിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ പാഠങ്ങള്‍ നല്‍കുന്നു എന്നും പറഞ്ഞു. സ്റ്റാര്‍ഷിപ്പ് അതിന്റെ 33 റാപ്റ്റര്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ടെക്സാസിലെ ബോക്കാ ചീക്കയില്‍ നിന്നും മണിക്കൂറില്‍ 2000 കിലോമീറ്ററോളം വേഗത്തില്‍ പറന്നുയര്‍ന്നപ്പോള്‍ പദ്ധതിയുടെ ആദ്യ ഘട്ടം വിജയത്തില്‍ എത്തുകയായിരുന്നു.

