രാജ്യത്തിന്റെ ഭരണഘടന മാറ്റാന്‍ കാവി ക്യാമ്പ് ശ്രമിക്കുന്നു; പ്രതിരോധിക്കാന്‍ തന്റെ ജീവന്‍ വരെ നല്‍കാന്‍ തയ്യാറെന്നും മമത

വെറുപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്നവര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും, അതിനെ പ്രതിരോധിക്കാന്‍ തന്റെ ജീവന്‍ നല്‍കാന്‍ വരെ തയാറാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

‘2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ ഒന്നിച്ചു നില്‍ക്കണം. രാജ്യത്തിന്റെ ഭരണഘടന മാറ്റാന്‍ കാവി ക്യാമ്പ് ശ്രമിക്കുന്നു. പശ്ചിമ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ല. പണക്കൊഴുപ്പിനും കേന്ദ്ര ഏജന്‍സികള്‍ക്കും എതിരെ പോരാടാന്‍ തയ്യാറാണ്‌. എന്നാല്‍ തല കുനിക്കില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നിന്ന് പോരാടണം. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ 2024 ല്‍ ബിജെപി ക്ക് ജയിക്കാന്‍ ആകില്ല’- മമത വ്യക്തമാക്കി.

അതേസമയം, ബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും അവര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.