ട്രെയിന്‍ തീവെയ്പ് കേസ്: പ്രതിസ്ഥാനത്ത് മുസ്ലീം പേര് വന്നത് ഏറെ വേദന ഉണ്ടാക്കുന്ന കാര്യമെന്ന് പാളയം ഇമാം

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ പ്രതിസ്ഥാനത്ത് മുസ്ലീം പേര് വന്നത് ഏറെ ദുഃഖകരമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു. പാളയം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു മസ്ലീം പേരുകാരനാണ് പ്രതി സ്ഥാനത്ത് വന്നത്. ഇത് ഏറെ വേദന ഉണ്ടാക്കുന്ന കാര്യമാണ്. യഥാര്‍ത്ഥ വിശ്വാസി ചെയ്യുന്ന കാര്യമല്ല അയാള്‍ ചെയ്തത്. അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുത പുറത്തു വരണം. ഇത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു സമീപനവും ഇസ്ലാമില്‍ ഇല്ല. ഇസ്ലാം ഒരു വരണ്ട മതമല്ല. കലയും ആഘോഷവും ചേര്‍ന്ന സര്‍ഗാത്മകതയാണ് ഇസ്ലാം മുന്നോട്ടുവെയ്ക്കുന്നത്. ഒരു മതവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യവും ലഹരിയും ഉപയോഗിച്ചുള്ള ആഘോഷം നമ്മുക്ക് വേണ്ട’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.