എസ്എൻസി ലാവലിൻ കേസ് തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നു. തിങ്കളാഴ്ച്ച ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ലാവലിൻ കേസുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കും. അഞ്ച് മാസത്തിന് ശേഷമാണ് ലാവലിൻ കേസ് സുപ്രീം കോടതിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നുഏറ്റവും അവസാനമായി ലാവലിൻ ഹർജികൾ സുപ്രീംകോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ തിങ്കളാഴ്ച്ച പരിഗണിക്കുന്ന 21-ാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജുമായിരുന്നു കേസിൽ സി.ബി.ഐയ്ക്ക് വേണ്ടി നേരത്തെ ഹാജരായിരുന്നത്.

അതേസമയം, സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി തുഷാർ മേത്ത തിങ്കളാഴ്ച്ച ഹാജരാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതിനാൽ തന്നെ ലാവലിൻ ഹർജികളിൽ സി.ബി.ഐയ്ക്ക് വേണ്ടി തുഷാർ മേത്ത ഹാജരാകാൻ സാധ്യത കുറവാണെന്നാണ് വിവരം.