പ്രത്യേക വിവാഹ നിയമത്തിലെ ചില വ്യവസ്ഥകൾ പുരുഷ മേധാവിത്വ സമൂഹത്തിന്റെ സൃഷ്ടി; ഹർജിക്കാരുടെ വാദം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: 1954 ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർ 30 ദിവസത്തിന് മുമ്പ് മുൻകൂർ നോട്ടീസ് നൽകണമെന്നതു പോലെയുള്ള വ്യവസ്ഥകൾ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ച് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജിക്കാരുടെ വാദം അംഗീകരിച്ചത്. പ്രത്യേക വിവാഹ നിയമത്തിലെ ചില വ്യവസ്ഥകൾ പുരുഷ മേധാവിത്വ സമൂഹത്തിന്റെ സൃഷ്ടി എന്ന വാദവും കോടതി ശരിവെച്ചു.

സ്ത്രീകൾക്ക് ശബ്ദമില്ലാതിരുന്ന കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരം വ്യവസ്ഥകൾ എന്ന് ഭരണഘടന ബെഞ്ച് അംഗമായ ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകാൻ പോകുന്നവരെ സംരക്ഷിക്കാൻ എന്ന പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഇത്തരം വ്യവസ്ഥകൾ അവരെ സമൂഹത്തിന്റെ കടന്നാക്രമണങ്ങൾക്ക് വിധേയരാക്കുകയാണ് ചെയ്യുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ വാദവും വിശദമായി കേൾക്കും എന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.