റമദാൻ; രാജ്യത്ത് മൂന്നുദിവസത്തെ വെടിനിർത്തൽ അംഗീകരിച്ച് സുഡാൻ സൈന്യം

ഖാർത്തൂം: സുഡാൻ സൈന്യം രാജ്യത്ത് മൂന്നുദിവസത്തെ വെടിനിർത്തൽ അംഗീകരിച്ചു. റമദാൻ പ്രമാണിച്ചാണ് നടപടി. വെടിനിർത്തലിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അർധസൈനിക വിഭാഗമായ ആർഎസ്എഫിനോട് (റാപിഡ് സപ്പോർട്ട് ഫോഴ്‌സ്) സൈന്യം ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് ഒരുതരത്തിലുള്ള സൈനിക നീക്കങ്ങളും പാടില്ലെന്ന നിർദ്ദേശവും സൈന്യം നൽകിയിട്ടുണ്ട്. അതേസമയം, സുഡാനിൽ ചൊവ്വാഴ്ച വൈകിട്ട് 24 മണിക്കൂർ വെടിനിർത്തൽ ആരംഭിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കകം തന്നെ ഇത് ലംഘിക്കുകയായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആർഎസ്എഫ് മേധാവി ജനറൽ മുഹമ്മദ് ഹംദൻ ഡഗലോ, സുഡാൻ സായുധസേന മേധാവി ജനറൽ അബ്ദൽ ഫത്താ ബുർഹൻ തുടങ്ങിയവരുമായി ഫോണിൽ സംസാരിച്ചതിനുശേഷം നിലവിൽ വന്ന വെടിനിർത്തലാണ് പരാജയപ്പെട്ടത്.

സുഡാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ വിദേശരാജ്യങ്ങൾ അവരുടെ പൗരന്മാരെ സുഡാനിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.