അയോദ്ധ്യ: ഉസ്ബെക്കിസ്ഥാന്, പാകിസ്ഥാന്, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലെ 155 നദികളിലെ ജലം കൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രില്‍ 23 ന് രാം ലല്ലയുടെ ജലാഭിഷേകം നടത്തുമെന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ചമ്പത് പറഞ്ഞു. ത്രിപുര ബിജെപി പ്രഭാരിയും ശ്രീരാമഭക്തനുമായ വിജയ് ജോളിയുടെ നേതൃത്വത്തിലുള്ള സംഘം 155 രാജ്യങ്ങളിലെ നദികളില്‍ നിന്നുള്ള ജലം അഭിഷേകത്തിനായി യോ?ഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടാന്‍സാനിയ, നൈജീരിയ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്, നേപ്പാള്‍, ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ലാദേശ്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ നിന്നും ജലം കൊണ്ടുവന്നിട്ടുണ്ടെന്ന് ഡല്‍ഹി ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ വിജയ് ജോളി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആദിത്യനാഥും ചേര്‍ന്നാണ് ഏപ്രില്‍ 23ന് മണിറാം ദാസ് ചൗനി ഓഡിറ്റോറിയത്തില്‍ ‘ജല കലശ’ത്തിന്റെ പൂജ നടത്തുക. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

