തിരുവനന്തപുരം: കേരളാ സന്ദർശന വേളയിൽ ക്രൈസ്തവ മതമേലദ്ധ്യക്ഷരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒൻപത് സഭകളുടെ പ്രതിനിധികൾക്ക് കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 24 നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, കൽദായ ക്നാനായ കത്തോലിക്ക സഭ, ക്നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽദായ സഭ തുടങ്ങിയ സഭകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. യുവം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിനിടെയാകും കൂടിക്കാഴ്ച. ഉണ്ണി മുകുന്ദൻ, കന്നഡ താരം യഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവരും യുവം പരിപാടിയിൽ പങ്കെടുക്കും. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും പരിപാടിയിൽ ഉണ്ടാകും. ദിവസങ്ങൾക്ക് മുൻപാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. അതേസമയം, വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. തിരുവനന്തപുരത്ത് വെച്ചാണ് ഫ്ളാഗ് ഓഫ് കർമ്മം നടക്കുക.

