ന്യൂഡൽഹി: സുഡാനിലെ സാഹചര്യത്തെ കുറിച്ച് വിശദമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സുഡാനിലെ സാഹചര്യങ്ങൾ സംഘർഷഭരിതമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിലെ ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരെ ഒഴിപ്പിക്കാൻ വിവിധ രാജ്യങ്ങളുമായി ചർച്ച തുടരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി. സുഡാൻ സംഘർഷത്തിൽ 270ഓളം പേരാണ് കൊല്ലപ്പെട്ടത്. 2500ലധികം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖാർത്തൂമിലെ 9 ആശുപത്രികൾ ഉൾപ്പെടെ സുഡാനിൽ 16 ആശുപത്രികൾ പ്രവർത്തനം അവസാനിപ്പിച്ചു. ഇത് പരിക്കേറ്റവരുടെ ചികിത്സയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സാധാരണക്കാർക്കും സന്നദ്ധപ്രവർത്തകർക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നാണ് യുഎൻ വ്യക്തമാക്കിയത്. വെടിനിർത്തലുമായുള്ള ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടു.

