തിരുവനന്തപുരം: സംസ്ഥാനത്ത് സുഗമമായ സഞ്ചാരത്തിനും നിയമ ലംഘനം കണ്ടെത്തുന്നതിനും ആധുനിക സങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി. ദേശീയ – സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റ് പാതകളില്‍ കൂടി ക്യാമറ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കുന്ന പുതിയ പി. വി.സി പെറ്റജി കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്, എ ഐ സേഫ്റ്റി ക്യാമറകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എഐ ക്യാമറയും പുതിയ ഡിജിറ്റല്‍ ലൈസന്‍സും. നിരവധി പേര്‍ക്കാണ് ദിവസവും റോഡുകളില്‍ ജീവന്‍ നഷ്ടമാകുന്നത്. നാട്ടില്‍ റോഡപകടത്തിലൂടെ ആരുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കുക, ശാരീരിക അവശതയിലേക്ക് എത്താതിരിക്കുക, തീരാദുഖത്തില്‍ നിന്നുള്ള മോചനവും ലക്ഷ്യമിട്ടാണ് സേഫ് കേരള പദ്ധതി. 85 സ്‌ക്വോഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സേഫ് കേരള പദ്ധതി ആവിഷ്‌കരിച്ച ശേഷം റോഡപകടം മൂലം മരണം ചെറിയ തോതില്‍ കുറഞ്ഞു. പൊതുനിരത്തില്‍ ട്രാഫിക് ലംഘനം പരിശോധിക്കാനും തടയാനും പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തുന്നുണ്ട്. ചില ഘട്ടത്തില്‍ ഇവ ജനത്തിന് ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. അതിന്റെ ഭാഗമായി പരാതികള്‍ ഉയര്‍ന്നു. ഇത്തരം സാഹചര്യത്തില്‍ സഞ്ചാരം സുഗമമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയാണ് ചെയ്തത്. നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ ആദ്യത്തെ ഒരു മാസം ബോധവത്കരണം നല്‍കുമെന്ന് ഗതാഗത മന്ത്രിയും ചടങ്ങില്‍ പറഞ്ഞു. മെയ് 19 വരെ പിഴയീടാക്കില്ല. ക്യാമറകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ല. നിയമം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ല. നിയമം തെറ്റിച്ചാല്‍ ഫോണില്‍ സന്ദേശമെത്തും. ഡിജിറ്റല്‍ ലൈസന്‍സിലേക്ക് മാറ്റാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് 200 രൂപയുംം’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നഗര- ഗ്രാമ വ്യത്യസമില്ലാതെ സംസ്ഥാനത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്ന മറ്റ് കുറ്റങ്ങള്‍. ട്രെയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

