തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉത്പാദനത്തിന് കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഡാമുകളില്‍ ഇനി അവശേഷിക്കുന്നത് 39 ശതമാനം വെള്ളം മാത്രം. ഇതോടെ പുറമെ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി.
അതേസമയം, 100.35 ദശലക്ഷം യൂണിറ്റായിരുന്നു തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം. കഴിഞ്ഞ 13നും 100 പിന്നിട്ടിരുന്നു. ഇടുക്കിയില്‍ 14.01 ദശലക്ഷം യൂണിറ്റും ശബരിഗിരിയില്‍ 5.7ഉം അടക്കം ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള പ്രതിദിന ഉത്പാദനം 28.638 ദശലക്ഷം യൂണിറ്റാണ്. ശേഷിക്കുന്ന 72 ദശലക്ഷം യൂണിറ്റ് കേന്ദ്ര ഗ്രിഡില്‍ നിന്നും ദീര്‍ഘ, ഹ്രസ്വകാല കരാറുകളുടേയും അടിസ്ഥാനത്തില്‍ പുറമെ നിന്ന് കൊണ്ടുവരികയാണ്. പ്രതിദിന ഉപയോഗം വരും ദിവസങ്ങളില്‍ 104 ദശലക്ഷം യൂണിറ്റ് വരെയെത്തുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. എന്നാല്‍, പവര്‍ എക്‌സ്ചേഞ്ചില്‍നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. യൂണിറ്റിന് 10 രൂപയ്ക്ക് മുകളില്‍ വൈദ്യുതി വാങ്ങേണ്ട അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പക്ഷേ തുടര്‍ന്നും മഴ ലഭിച്ചില്ലെങ്കില്‍ ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം നടക്കുന്നത് രാത്രി 8.30 മുതല്‍ 11.30വരെയുള്ള സമയത്താണ്. ഇസ്തിരിപ്പെട്ടി, വാട്ടര്‍ പമ്പ് സെറ്റ്, വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങി വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകിട്ട് 6 മുതല്‍ 11 വരെ ഉപയോഗിക്കാതിരുന്നാല്‍ തത്കാലം പ്രതിസന്ധി നേരിടാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

