രാഷ്ട്രീയ ധാർമികതയും ജനാധിപത്യ മര്യാദയുമുണ്ടെങ്കിൽ എൽജെഡി പേരും കൊടിയും ഉപേക്ഷിച്ചു തങ്ങളുടെ കൂടെ വരണം; മുന്നറിയിപ്പുമായി ആർജെഡി നേതാക്കൾ

കണ്ണൂർ: രാഷ്ട്രീയ ധാർമികതയും ജനാധിപത്യ മര്യാദയുമുണ്ടെങ്കിൽ എൽജെഡി പേരും കൊടിയും ഉപേക്ഷിച്ചു തങ്ങളുടെ കൂടെ വരണമെന്ന് ആർജെഡി സംസ്ഥാന നേതൃത്വം. 2022 മാർച്ച് ഇരുപതാം തീയ്യതി ലോക് താന്ത്രിക്ക് ജനതാ ദൾ(എൽ.ജെ.ഡി, രാഷ്ട്രീയ ജനതാ ദളിൽ ലയിച്ചതോടുകൂടി സംസ്ഥാനത്തെ ഏക എംഎൽഎയുമായ കെ.പി മോഹനനും തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളും രാജി വയ്ക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ഭാരവാഹികൾ വ്യക്തമാക്കി. കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം നേതാക്കൾ ആവശ്യപ്പെട്ടത്. എം വി ശ്രേയാംസ് കുമാറും നേതാക്കളും ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്നത് ഇല്ലാത്ത പാർട്ടിയുടെ പേരിലാണെന്ന് നേതാക്കൾ പറഞ്ഞു. രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു പഴയ ചിറ, സി.കെ സഹജൻ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

ലയന സമ്മേളനത്തോടെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ എൽജെഡിയെന്ന പാർട്ടി ഇല്ലാതായി മാറിയിരിക്കുകയാണ്. ദേശീയ തലത്തിൽ ആർ ജെ.ഡി കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല ജനാധിപത്യ ചേരിയുടെയും സംസ്ഥാന തലത്തിൽ യുഡിഎഫിനൊപ്പവുമാണ്. ഈ സാഹചര്യത്തിൽ എൽ.ജെ.ഡി പാർട്ടി സംസ്ഥാന കമ്മിറ്റി നൽകുന്ന നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ട് പാർട്ടി പിരിച്ചു വിട്ട് ആർ.ജെ.ഡിയുടെ ഭാഗമായി പ്രവർത്തിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഇതു സംബന്ധിച്ചു കത്തു നൽകും. പാർട്ടി വിപ്പ് ലംഘിക്കുകയാണെങ്കിൽ കെ.പി മോഹനൻ ഉൾപ്പെടെയുള്ളവരെ പുറത്താക്കേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

എൽ.ജെ.ഡി.യെന്ന പേര് നിയമപ്രകാരം ഉപയോഗിക്കാൻ ആർക്കും അധികാരമില്ലാത്തതിനാൽ ആ പേര് ഉപയോഗിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വഞ്ചനാപരമാണ്. ഏപ്രിൽ 28 ന് നാഷണൽ ജനതാദൾ ലയന സമ്മേളനം എറണാകുളം ജെ പി നഗറിൽ നടക്കും. അന്നേ ദിവസം ലയന സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ ശ്രേയസ് കുമാറിനെയും നേതാക്കളെയും പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.