തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന്റെ വികസനവേഗം കൂട്ടുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിനുള്ള വന്ദേഭാരത് എവിടെ എന്ന് ചോദിച്ചവർക്ക് നരേന്ദ്രമോദി സർക്കാർ മറുപടി നൽകിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ ഇടപെടലുകളെ തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി അടക്കം കൂട്ടുനിന്നുവെന്നും അദ്ദേഹം വിമർശിച്ചു. വന്ദേ മെട്രോ സംബന്ധിച്ച് പാർലമെന്റിൽ നൽകിയ മറുപടി വളച്ചൊടിച്ച് വന്ദേഭാരത് സംസ്ഥാനത്തിന് ഇല്ലെന്ന പ്രചാരണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും മുരളീധരൻ നന്ദി അറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എല്ലാത്തവണയും കേരളം സന്ദർശിക്കുമ്പോൾ കേരളത്തിനായി വലിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം എറണാകുളം സന്ദർശിച്ചപ്പോൾ 4500 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചത്. ഇത്തവണ അദ്ദേഹം കേരളത്തിലെത്തുമ്പോഴും അതുപോലെയുള്ള പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.
കാള പെറ്റന്ന് കേട്ട് കയറെടുത്ത പിണറായി വിജയൻ ഇനിയെങ്കിലും സ്വയം തിരുത്തണം. കേരളത്തിന് വന്ദേ ഭാരത് ഇല്ലെന്ന്’ റെയിൽവെ മന്ത്രി പറഞ്ഞു എന്ന പച്ചക്കള്ളം പടച്ചുവിട്ട മാധ്യമങ്ങളും അതേറ്റെടുത്ത മുഖ്യമന്ത്രിയും ഇപ്പോൾ പരിഹാസ്യരായി. വന്ദേ ഭാരതും വന്ദേ മെട്രൊയും ‘തമ്മിലുള്ള വ്യത്യാസം മാധ്യമപ്രവർത്തകർക്ക് അറിയില്ലെങ്കിലും മുഖ്യമന്ത്രിയെങ്കിലും അറിഞ്ഞിരിക്കണം. ഇത്തരത്തിലാണ് ഭരണ- പ്രതിപക്ഷങ്ങളും തൽപര മാധ്യമങ്ങളും ചേർന്ന് നരേന്ദ്രമോദി സർക്കാരിനെക്കുറിച്ച് കേരളത്തിൽ തെറ്റിദ്ധാരണ പടർത്തുന്നത്. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്കെത്താതിരിക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നത്. പക്ഷേ ഇനി അധികകാലം മലയാളിയെ പറ്റിക്കാനായില്ലെന്ന് കൂട്ടുകക്ഷികൾ തിരിച്ചറിയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

