സൂറത്ത്: മോദി പരാമർശത്തെ തുടർന്നുള്ള മാനനഷ്ട കേസിൽ രണ്ടുവർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജിയിൽ കോടതി ഏപ്രിൽ 20ന് വിധി പറയും. വ്യാഴാഴ്ച്ച ഹർജിയിൽ കോടതി വിശദമായ വാദം കേട്ടെങ്കിലും സ്റ്റേ നൽകിയില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഉത്തരവ് പറയാമെന്നാണ് സെഷൻസ് കോടതി വ്യക്തമാക്കിയത്.
മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ടുവർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്താലേ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിലെ അയോഗ്യത നീങ്ങൂ. രാഹുൽ ഗാന്ധി കോടതിയിൽ രണ്ട് ഹർജികളാണ് നൽകിയിട്ടുള്ളത്. ശിക്ഷാ വിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിന് എതിരെയുമാണ് രാഹുൽ അപ്പീൽ ഹർജികൾ നൽകിയത്.
രാഹുലിന്റെ പേരിലുള്ളത് സ്റ്റേ അനുവദിക്കാനാകാത്ത വിധം ഗുരുതര കുറ്റമല്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. പ്രധാനമന്ത്രിയെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. പ്രസംഗം വീണ്ടും പരിശോധിക്കണമെന്നും പ്രസംഗത്തിൽ നിന്ന് ചില വാക്കുകൾ അടർത്തിമാറ്റി വ്യാഖ്യാനിച്ചുവെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

