കൂടുതല്‍ പേരും സാമ്ബത്തിക കാര്യങ്ങള്‍ക്കായുള്ള പാസ്വേഡ് സൂക്ഷിക്കുന്നത് മൊബൈല്‍ ഫോണിലെന്ന് പഠനം. ബാങ്ക് അക്കൗണ്ട്, എ.ടി.എം, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 17 ശതമാനം പേരും സ്മാര്‍ട്ട് ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ്, മൊബൈല്‍ നോട്ടുകള്‍ എന്നിവയിലാണ് സൂക്ഷിക്കുന്നതെന്ന് ലോക്കല്‍ സര്‍ക്കിള്‍സെന്ന ഓണ്‍ലൈന്‍ കമ്യൂണിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞു.
30 ശതമാനം പേര്‍ പാസ്വേഡുകള്‍ കുടുംബാംഗങ്ങളുമായും ജീവനക്കാരുമായും പങ്കുവെക്കുന്നു. എട്ട് ശതമാനം പേര്‍ ഗൗരവമുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ നോട്ടുകളില്‍ സൂക്ഷിക്കുമ്‌ബോള്‍ ഒമ്ബത് ശതമാനം പേര്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലാണ് ശേഖരിച്ചുവെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. നോട്ടുകള്‍ വഴിയും കോണ്‍ടാക്റ്റ് ലിസ്റ്റ് വഴിയുമായി 24 ശതമാനം പേരും മൊബൈലാണ് ഉപയോഗിക്കുന്നത്. പാസ്വേഡുകള്‍ മനസ്സില്‍ സൂക്ഷിക്കാറാണ് പതിവുള്ളതെന്ന് 14 ശതമാനം പേര്‍ വ്യക്തമാക്കി. 18 ശതമാനം പേര്‍ കംപ്യൂട്ടറിലും ലാപ്ടോപ്പിലുമാണ് പാസ്വേഡുകള്‍ സൂക്ഷിക്കുന്നത്. 39 ശതമാനം പേര്‍ സുപ്രധാന വിവരങ്ങള്‍ മറ്റു സ്ഥലങ്ങളിലും വഴികളിലുമായി സൂക്ഷിക്കുമെന്നാണ് വ്യക്തമാക്കിയത്.
സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം പേരും പറയുന്നത് വിവിധ അപ്ലിക്കേഷനുകള്‍ക്കായും രേഖയായും ബുക്കിംഗിനും തങ്ങളുടെ ആധാര്‍ കൈമാറിയിട്ടുണ്ടെന്നാണ്. ‘എളുപ്പത്തില്‍ കയറാനാകുന്ന വിവര ശേഖരണങ്ങളായതിനാല്‍ എ.ഐ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ഉപയോഗിച്ച് 50 ശതമാനം പാസ്വേഡുകളും ഒരു മിനിട്ടിനുള്ളില്‍ കണ്ടെത്താനാകും. ഇത് മിക്ക ഇന്ത്യയ്ക്കാരനെയും ബാധിക്കും’ പഠനം വ്യക്തമാക്കി. പാസ്വേഡോ മറ്റോയില്ലാത്ത മൊബൈല്‍ നോട്ടുകള്‍ സുരക്ഷിതമല്ല. ചിലര്‍ ഓര്‍മിക്കാന്‍ എളുപ്പമുള്ള പാസ്വേഡുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ ബുദ്ധിമുട്ടേറിയതും ഉപയോഗിക്കുന്നു. ഇത്തരത്തില്‍ എളുപ്പമുള്ള പാസ്വേഡുകള്‍ സൈബര്‍ കുറ്റവാളികള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നും മോഷണം നടക്കാന്‍ ഇടയാക്കുമെന്നും പഠനത്തില്‍ പറഞ്ഞു.

