നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തി; കാരണമിതാണ്…

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തി. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നാണ് സിനിമ സംഘടനകൾ അറിയിച്ചിട്ടുള്ളത്. താരസംഘടന ‘അമ്മ’ കൂടി ഉൾപ്പെട്ട യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്ന് നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. രണ്ട് നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമ മേഖലയിൽ ലഹരി മരുന്നുപയോഗിക്കുന്ന നിരവധി പേരുണ്ട്. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

ശ്രീനാഥ് ഭാസി ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രമിക്കുന്നില്ല.ഷെയിൻ നിഗത്തിനെതിരെയും ഇതേ പരാതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് തീരുമാനം.