കനത്ത ചൂടിൽ വലഞ്ഞ് കേരളം; നാല് ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി

തിരുവനന്തപുരം: കനത്ത ചൂടിൽ വലഞ്ഞ് കേരളം. ബുധനാഴ്ച കൊടും ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാല് ജില്ലകളിലെ പന്ത്രണ്ട് സ്റ്റേഷനുകളിൽ ബുധനാഴ്ച താപനില രേഖപ്പെടുത്തിയത് 40 ഡിഗ്രിക്കും മുകളിലാണ്. ബുധനാഴ്ച പാലക്കാട് എരിമയൂരിൽ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നുവെന്നാണ് ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്കുകൾ വ്യക്തമാക്കുന്നത്.

പാലക്കാട്, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളിലാണ് താപനില 40 ന് മുകളിലെത്തിയത്. ഇടുക്കി തൊടുപുഴയിൽ 41.7 ഡിഗ്രി സെൽഷ്യസും കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. കണ്ണൂരിലെ തന്നെ ഇരിക്കൂർ, പാലക്കാട് മണ്ണാർക്കാട്, ഒറ്റപ്പാലം, മലമ്പുഴ ഡാം, കൊല്ലങ്കോട്, പോത്തുണ്ടി ഡാം, മംഗലം ഡാം, പീച്ചി, എറണാകുളം കൂത്താട്ടുകുളം എന്നിവിടങ്ങളിലും ബുധനാഴ്ച 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു.

അടുത്തയാഴ്ച വരെ ഉയർന്ന താപനില തുടരുമെന്നാണ് റിപ്പോർട്ട്. പകൽസമയങ്ങളിൽ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.