ക്രൈസ്തവസഭാ തലവൻമാരുടെ ബിജെപി അനുകൂല പ്രസ്താവന; വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം

കൊച്ചി: ക്രൈസ്തവസഭാ തലവൻമാരുടെ ബിജെപി അനുകൂല പ്രസ്താവനയിൽ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ക്രൈസ്തവസഭാ തലവൻമാരുടേത് ബിജെപി പ്രീണനമാണെന്നാണ് സത്യദീപം വിമർശിക്കുന്നത്. ക്രൈസ്തവർ സുരക്ഷിതരാണെന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിലപാടിനെതിരെയും സത്യദീപം വിമർശനം ഉന്നയിച്ചു.

മതപീഡനങ്ങൾ പരിഗണിക്കാതെ നിലപാടാണ് സഭാ തലവൻമാരുടേതെന്നും സത്യദീപം വ്യക്തമാക്കി. ബിജെപിയുടെ കേരളത്തിലെ സ്വീകാര്യത വർധിക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഇന്ത്യയിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കർദ്ദിനാളിന്റെ പരാമർശം, സമകാലീക ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവൽക്കരിക്കുന്ന പ്രസ്താവനയായി ചെറുതായിപ്പോയെന്ന വിമർശനം എല്ലായിടത്തുനിന്നുമുണ്ടായെന്നും മുഖപ്രസംഗം പറയുന്നു.

598 അതിക്രമങ്ങൾ 2022ൽ മാത്രം ക്രൈസ്തവർക്കെതിരെ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ കണ്ടെത്തൽ. ഛത്തീസ്ഗഡിലെ നാരായൺപുരിൽ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളിൽ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധ വാരാചാരണം പൂർത്തിയാക്കിയത്. മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കർദ്ദിനാൾ കാണാതെ പോയതെന്തെന്ന ചോദ്യവും വിമർശകർ ഉന്നയിക്കുന്നുണ്ട്. ബിജെപിക്ക് സമ്പൂർണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുമെന്ന് ഇപ്പോൾ കരുതാനാകില്ലെന്ന് കർദിനാൾ ആവർത്തിക്കുമ്പോഴും, കേരളത്തിനു പുറത്ത് ക്രൈസ്തവർക്ക് കാര്യങ്ങൾ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകൾ വ്യക്തമാക്കുന്നതെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.