ഇങ്ങനെയെങ്കില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്ത്?; പാണക്കാട് തങ്ങള്‍ക്ക് തുറന്ന കത്തുമായി ജലീല്‍

മലപ്പുറം: കോണ്‍ഗ്രസ്സിനെ ഹിന്ദുത്വ ഫാസിസ്റ്റ് പാതയില്‍ നിന്ന് ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുസ്സീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഫേസ്ബുക്കില്‍ തുറന്ന കത്തുമായി കെ.ടി ജലീല്‍.

കത്തിന്റെ പൂര്‍ണരൂപം:

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഒരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അവര്‍കള്‍ക്ക്,
വസ്സലാം

ആമുഖമില്ലാതെ വിഷയത്തിലേക്ക് കടക്കട്ടെ.

ജയ്പൂര്‍ സ്ഫോടനക്കേസില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാന്‍, മുഹമ്മദ് സര്‍വര്‍ അസ്മി, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്ക് കീഴ്ക്കോടതി നല്‍കിയ വധശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ച് 30ന് അസാധുവാക്കിയ കാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ?

കേസില്‍ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസന്വേഷിച്ച സംഘത്തിനെതിരെ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണ ഏജന്‍സികള്‍ അവരുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി തുറന്ന് പറഞ്ഞു. അന്വേഷണം മതിയായ തെളിവുകള്‍ ഇല്ലാതെയാണെന്നും അന്വേഷണ സംഘം പ്രതികള്‍ക്കെതിരെ ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ സംഘം ക്രൂരമായ മനോഭാവത്തോടെയും നിയമങ്ങള്‍ അറിയാത്തവരെപ്പോലെയും പരിശീലനം ലഭിക്കാത്തവരെപ്പോലെയുമാണ് കേസിനെ സമീപിച്ചതെന്നും വിധിന്യായത്തില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തങ്ങളെ,

ജയ്പൂര്‍ സ്ഫോടനം നടക്കുന്നത് 2008ല്‍ ബിജെപി രാജസ്ഥാന്‍ ഭരിക്കുമ്പോഴാണ്. വസുന്ധര രാജ സിന്ധ്യയായിരുന്നു അന്ന് മുഖ്യമന്ത്രി. എന്നാല്‍, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാജസ്ഥാന്‍ പിടിച്ചു. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി. അതേ ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജയ്പൂര്‍ സ്ഫോടനക്കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ട മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ ഒരു കേസ് വാദിക്കാന്‍ വക്കീലന്മാര്‍ക്ക് കൊടുക്കേണ്ടിവരുന്ന ഭീമമായ തുക ആ നിരപരാധികളുടെ കുടുംബങ്ങള്‍ക്ക് താങ്ങാനാവുമോ? ഇപ്പോള്‍ തന്നെ അവര്‍ കുത്തുപാള എടുത്തിട്ടുണ്ടാകും.

തങ്ങളെ,

ഇതാണ് കോണ്‍ഗ്രസ് ചെയ്യുന്നതെങ്കില്‍ ബിജെപിയും അവരും തമ്മിലുള്ള വ്യത്യാസമെന്താണ്? മുസ്ലിം സമുദായത്തോട് മുസ്ലിംലീഗിന് വല്ല പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയ നിരപരാധികളായ നാല് മനുഷ്യര്‍ക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അങ്ങ് മുന്‍കയ്യെടുത്ത് പിന്തിരിപ്പിക്കണം. ഈ റംസാനില്‍ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളോട് മുസ്ലിംലീഗിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാകും അത്. അങ്ങേക്ക് രാഹുല്‍ ഗാന്ധിയിലുള്ള എല്ലാ സ്വാധീനവും ഇതിനായി ഉപയോഗിക്കണം. അല്ലെങ്കില്‍ പടച്ച തമ്പുരാന്‍ പൊറുക്കില്ല.

തങ്ങളെ,

ഒന്നര പതിറ്റാണ്ടായി തടവ് ജീവിതം അനുഭവിക്കുന്ന നിരപരാധികളായ നാലു പേര്‍ക്ക് രാജസ്ഥാന്‍ ഹൈക്കോടതി വിധി മറികടന്ന് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ശ്രമിക്കുന്നത് സംഘപരിവാറല്ല, സാക്ഷാല്‍ കോണ്‍ഗ്രസാണ്! പ്രത്യയശാസ്ത്രത്തിലല്ലാതെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും സംഘപരിവാറും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന അവസ്ഥ വന്നാലത്തെ സ്ഥിതി ഭയാനകരമാകുമെന്ന് പറയേണ്ടതില്ലല്ലോ?

തങ്ങളെ,

71 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് ഗുരുതരമായ പരിക്കു പറ്റുകയും ചെയ്ത ജയ്പൂര്‍ സ്ഫോടനക്കേസില്‍ പ്രതികളായി പിടികൂടിയ ഒരുപറ്റം മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ അന്വേഷണ സംഘം കൃത്രിമ തെളിവുകളുണ്ടാക്കി എന്ന കോടതിയുടെ കണ്ടെത്തല്‍ ചെറിയ കാര്യമല്ല. വിചാരണ വേളയില്‍ തന്നെ പലരെയും വെറുതെ വിട്ടു. അവസാനം കീഴ്ക്കോടതി തൂക്കുകയര്‍ വിധിച്ചത് നാലുപേര്‍ക്കാണ്. ആ വിധിയാണ് രാജസ്ഥാന്‍ ഹൈക്കോടതി ചവറ്റുകൊട്ടയിലെറിഞ്ഞത്. ആര്‍ക്കു വേണ്ടിയാണ് അന്വേഷണ സംഘം നിരപരാധികളെ കുടുക്കിയത്? ആരെ രക്ഷപ്പെടുത്താനാണ് രാജസ്ഥാന്‍ പൊലീസ് ശ്രമിച്ചത്? ഇതെല്ലാം സമഗ്രമായ ഒരന്വേഷണത്തിലൂടെ കണ്ടെത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയായിരുന്നില്ലേ അശോക് ഗഹലോട്ടിന്റെ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്? ജയ്പൂര്‍ കേസിന്റെ നാള്‍വഴികള്‍ സസൂക്ഷ്മം നിരീക്ഷിച്ച ശ്രീജ നെയ്യാറ്റിന്‍കര എന്ന ആക്ടിവിസ്റ്റ് തന്റെ മുഖപുസ്തകത്തില്‍ എഴുതിയ വരികള്‍ അതീവ പ്രസക്തമാണ്.

തങ്ങളെ,

ഇതു മാത്രമല്ല രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഹിന്ദുത്വ കുഴലൂത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പശുക്കടത്ത് ആരോപിച്ച് ജുനൈദ്, നാസിര്‍ എന്നീ രണ്ട് ചെറുപ്പക്കാരെ ഹിന്ദുത്വ ഭീകരവാദികള്‍ രാജസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ഹരിയാനയില്‍ വച്ച് കയ്യും കാലും തല്ലിയൊടിച്ച് വാഹനത്തിലിട്ട് പച്ചക്ക് ചുട്ടുകൊന്നത്! കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നീതി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരം പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്തെന്ന് കാണിച്ച് ആ കുടുംബങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചത് രാജസ്ഥാനിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റാണ്. നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സാഹിദ് ഖാനും രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രിയും അവരോട് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഫാസിസ്റ്റ് വേട്ടക്കിരയായ ആ കുടുംബങ്ങള്‍ തന്നെ പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞത് അത്യന്തം ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

തങ്ങളെ,

അവിടെയും തീരുന്നില്ല കോണ്‍ഗ്രസ്സിന്റെ വഞ്ചന. നിരപരാധികളായ രണ്ട് മുസ്ലിം ചെറുപ്പക്കാരെ ചുട്ടുകൊന്ന കേസിലെ പ്രധാന പ്രതിയായ മോനു മനേസര്‍ എന്ന ബജ്രംഗദള്‍ തീവ്രവാദിയായ കൊലയാളിയെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് രാജസ്ഥാന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പി യിലല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഇതെല്ലാം അരങ്ങേറുന്നത്.

തങ്ങളെ,

ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കി സംഘപരിവാറിന് പണി പ്രയാസരഹിതമാക്കികൊടുക്കുന്ന കോണ്‍ഗ്രസിനെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനത എങ്ങിനെ വിശ്വാസത്തിലെടുക്കും? ഒരു മടിയും കൂടാതെ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് സംഘപരിവാര്‍ പാളയത്തിലേക്ക് എത്താന്‍ ആന്റണിയുടെ മകനെന്നല്ല കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അധികസമയം വേണ്ടിവരില്ല.

തങ്ങളെ,

കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിലെ പ്രധാന ഘടക കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ ഹിന്ദുത്വ ഫാഷിസ്റ്റ് പാതയില്‍ നിന്ന് ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാന്‍ അങ്ങും അങ്ങ് നേതൃത്വം നല്‍കുന്ന മുസ്ലിംലീഗും ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന വിശ്വാസത്തോടെ,

സ്നേഹപൂര്‍വ്വം
സ്വന്തം കെ.ടി.ജലീല്‍