മുഖ്യമന്ത്രിക്കെതിരെയുള്ള ഡോളർ കടത്ത്, സ്വർണ്ണക്കടത്ത് ആരോപണങ്ങൾ; അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡോളർ കടത്ത്, സ്വർണ്ണക്കടത്ത് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം ശരിവെച്ചത്. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ശരിവയ്ക്കുന്ന തെളിവുകളൊന്നും ഹർജിക്കാരൻ ഹാജരാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിന്റെയും എൻഫോഴ്‌സ്‌മെന്റിന്റെയും അന്വേഷണം ശരിയായ ദിശയിൽ തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി അറിയിച്ചു.

പൊതുതാത്പര്യമുള്ള വിഷയമല്ല ഹർജിക്കാരൻ ഉന്നയിച്ചത്. കോടതി നേരത്തെ തീർപ്പ് പറഞ്ഞ വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടാൻ വിധമുള്ള പുതിയ തെളിവുകൾ ഹർജിക്കാരൻ ഹാജരാക്കിയില്ല. ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ കോടതിയ്ക്ക് തൃപ്തിയുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.