ബിഷപ്പുമാരുടെ പ്രസ്താവന യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ല; വി ഡി സതീശൻ

തിരുവനന്തപുരം: ബിഷപ്പുമാരുടെ ബിജെപി അനുകൂല പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിഷപ്പുമാരുടെ പ്രസ്താവന യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നത് രാജ്യത്തെ യാഥാർത്ഥ്യമാണ്. ഹിന്ദുവിന്റെ അട്ടിപ്പേർ അവകാശം ആർഎസ്എസ് ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. തിരുവനന്തപുരം രൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടന്നപ്പോൾ ആർഎസ്എസിന്റെ നിലപാട് എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

അന്ന് ആർഎസ്എസ് സിപിഎമ്മിന് ഒപ്പമായിരുന്നു. ചർച്ച് ബില്ലിന്റെ ഉള്ളടക്കം ആർക്കും അറിയില്ല. അത് അറിയാതെ പ്രതികരിക്കണമെന്ന് മന്ത്രി പറഞ്ഞാൽ വിഷയത്തിൽ താനെന്ത് പറയാനാണ്. ചർച്ച് ബില്ലിന്റെ കോപ്പി നൽകിയാൽ വിഷയത്തിൽ പ്രതികരിക്കാം. ചർച്ച് ബില്ലിന്റെ ഉള്ളടക്കം മന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി വീണ ജോർജ്ജിനെതിരെ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ എന്താണ് നടക്കുന്നത്. വിനു വി ജോണിന്റെ വീടിനു മുന്നിൽ പോസ്റ്ററൊട്ടിച്ചവർക്കെതിരെ നടപടി എടുത്തിട്ടില്ലല്ലോ. താൻ നടത്തുന്ന ഇഫ്താർ സർക്കാർ ചെലവിലല്ലെന്നും യുഡിഎഫാണ് ഇതിന്റെ ചെലവ് വഹിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.