ശ്രീനഗർ: സോജില തുരങ്കം സന്ദർശിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ജമ്മു കശ്മീരിൽ നിർമാണം പുരോഗമിക്കുന്ന തന്ത്രപ്രധാന തുരങ്കമാണിത്. ഗവർണർ മനോജ് സിൻഹയും ഗഡ്ക്കരിക്കൊപ്പം തുരങ്കം സന്ദർശിക്കാൻ ഉണ്ടായിരുന്നു. നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി ഗഡ്കരി വിലയിരുത്തി. ലഡാക്കിലേക്ക് എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കുന്നതാണ് തുരങ്കം. സോൻമാർഗിലാണ് തുരങ്കം നിർമ്മിക്കുന്നത്.
ജമ്മു കശ്മീർ മുതൽ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയുടെ ഭാഗമാണ് സോജില തുരങ്കമെന്ന് ഗഡ്കരി പറഞ്ഞു. ചരിത്രപരമെന്ന് അദ്ദേഹം തുരങ്കത്തെ വിശേഷിപ്പിക്കുകയും ചെയ്തു. 4,900 കോടി രൂപയാണ് തുരങ്കത്തിന്റെ നിർമാണച്ചെലവ്. ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കമാണിതെന്നാണ് മറ്റൊരു സവിശേഷത. 2026 ൽ തുരങ്കനിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തുരങ്കനിർമാണം പൂർത്തിയാകുന്നതോടെ ഇരുപത് മിനിറ്റായി യാത്രാസമയം കുറയും. സമുദ്രനിരപ്പിൽ നിന്ന് 11,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തുരങ്കത്തിൽ രണ്ട് വരി പാതയുണ്ട്. തുരങ്കനിർമാണം പൂർത്തിയാകുന്നതോടെ ടൂറിസവികസനം സാധ്യമാകും. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും തുരങ്കം സഹായിക്കും. സ്വിറ്റ്സർലൻഡിലേതുപോലെ റിസോർട്ടുകൾ, സാഹസിക കായിക വിനോദങ്ങൾക്കുള്ള കേന്ദ്രങ്ങൾ എന്നിവ ജമ്മു കശ്മീരിൽ അവതരിപ്പിക്കണമെന്ന് ഗവർണറോടും സംസ്ഥാനസർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

