തിരുവനന്തപുരം: ലോകായുക്തക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. ‘ലോകായുക്തയുടേത് വിടുപണിയാണ്. പരാതിക്കാരനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ സല്‍ക്കാരത്തിന്റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട’- സുധാകരന്‍ വിമര്‍ശിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തില്‍ റിവ്യു ഹര്‍ജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനമാണ് ലോകായുക്ത ന്യായാധിപന്മാര്‍ ഉന്നയിച്ചത്.
‘ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് സംസാരിക്കുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നത്. വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്? ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേപം നടത്തുകയാണ്. പേപ്പട്ടി ഒരു വഴിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ വായില്‍ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതല്‍ പറയാത്തത്. കോടതിയില്‍ പറയേണ്ട കാര്യമേ പറയാവൂ’-ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അടക്കമുള്ള ലോകായുക്ത ന്യായാധിപന്മാര്‍ ചൂണ്ടിക്കാട്ടി.

