തായ്‌വാന് നേരെ ചൈനയുടെ പ്രകോപനം; 70ഓളം യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് വിന്യസിച്ചു

തായ്പേയ്: 70ഓളം യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് വിന്യസിച്ച് ചൈന. ഇതില്‍ 35 എണ്ണം അതിര്‍ത്തി ലംഘിച്ചതായി തായ്വന്‍ അറിയിച്ചു. തായ്വാന്‍ പ്രസിഡന്റ് ത്സായി ഇങ് വെന്‍ ലോസ് ഏഞ്ചല്‍സില്‍ ഏപ്രില്‍ അഞ്ചിന് അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ കണ്ട് ചര്‍ച്ച ചെയ്തതിന്റെ പിന്നാലെയാണ് മൂന്ന് ദിവസത്തെ സൈനിക അഭ്യാസം ചൈന പ്രഖ്യാപിച്ചത്.

അതേസമയം, കഴിഞ്ഞ ഓഗസ്റ്റില്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനിലെത്തിയപ്പോഴും ചൈന ശക്തമായ പ്രകോപനമുണ്ടാക്കിയിരുന്നു. റിപ്പബ്‌ളിക് ഓഫ് തായ്വാന്‍ എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന തായ്വാന് സ്വന്തമായി ഭരണഘടനയും സര്‍ക്കാരുമുണ്ട്. എന്നാല്‍, തായ്വാന്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നാണ് ചൈന പറയുന്നത്. എന്നാല്‍, ഇത് അവര്‍ അംഗീകരിക്കുന്നില്ല.

അമേരിക്കയുമായി തായ്വാന്‍ സൗഹൃദം സ്ഥാപിച്ചത് തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ചൈന നിരന്തരം തായ്വാന് നേരെ പ്രകോപനം സൃഷ്ടിക്കുകയാണ്.