ഓണ്‍ലൈന്‍ പരസ്യങ്ങളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ പണി കിട്ടും; മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ്‌

ആലുവ: ഓണ്‍ലൈനിലൂടെ പല തരത്തില്‍ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ്. വീട്ടിലിരുന്ന് പാര്‍ട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ സമ്പാദിക്കാം….എന്നെല്ലാം നാം സ്ഥിരമായി കാണുന്ന പരസ്യങ്ങളാണ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇത്തരം പരസ്യങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും, ഒണ്‍ലൈനില്‍ കാണുന്ന പരസ്യങ്ങള്‍ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങളും , ബാങ്ക് ഡീറ്റയില്‍ ഉള്‍പ്പടെയുള്ള രേഖകളും കൈമാറിയാല്‍ സാമ്പത്തിക നഷ്ട മുള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നും റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ മുന്നറിയിപ്പു നല്‍കി.

എസ്.എം.എസ് വഴിയോ, സോഷ്യല്‍ മീഡിയാ പരസ്യം വഴിയോ ആണ് തട്ടിപ്പുസംഘം ഉദ്യോഗാര്‍ത്ഥികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. അവര്‍ കൊടുത്ത ലിങ്കില്‍ കയറിയാല്‍ വാട്സ്ആപ്പ് പേജിലാണ് പ്രവേശിക്കുക. കമ്പനി ആധികാരികമാണെന്നറിയിക്കാന്‍ ചിലരേഖകള്‍ അയച്ചു തരും. തുടര്‍ന്ന് പാന്‍കാര്‍ഡ്, ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ ആവശ്യപ്പെടുകയും രജിസ്ടേഷനായി രണ്ടായിരമോ മൂവായിരമോ അടക്കാനും പറയും. ശേഷം ഒരു ഫയല്‍ അയച്ചുതരും. അത് വീട്ടിലിരുന്ന് അവര്‍ പറയുന്നതു പോലെ പ്രത്യേക ഫോണ്ടില്‍, ലേ ഔട്ട് ചെയ്ത് പുനര്‍ക്രമീകരിച്ച് തിരിച്ചയക്കണം. ഇത് തിരിച്ചയച്ചു കഴിയുമ്പോള്‍ ശരിയായില്ലെന്നും, കമ്പനിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും, കമ്പനിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും, നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഭീഷണി സ്വരത്തില്‍ മെസേജ് വരും. തുടര്‍ന്ന് വക്കീല്‍ നോട്ടീസെന്ന രീതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കത്തും വരും. ഇരുപത്തി അയ്യായിരം മുതല്‍ ഒരു ലക്ഷം വരെയൊക്കെയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. പലരും പണം കൊടുത്ത് തടിയൂരും. ചിലരാകട്ടെ പരാതിയുമായി മുന്‍പോട്ടു പോകും.

അതേസമയം, സൈറ്റിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി സൈറ്റ് വഴി വിറ്റ് ലാഭമുണ്ടാക്കിത്തരുന്നതാണ് മറ്റൊന്ന്. ആദ്യം ചെറിയൊരു തുക നിഷേപിക്കാന്‍ സംഘം ആവശ്യപ്പെടും. സംഘം അവരുടെ ആപ്പിക്കേഷനില്‍ കാണിച്ച ഉല്‍പ്പന്നങ്ങളിലൊന്ന് തുക ഉപയോഗിച്ച് വാങ്ങാം. എന്നിട്ട് സൈറ്റില്‍ത്തന്നെ വില്‍പ്പനക്ക് വക്കാം. ഇത് വന്‍ ലാഭത്തില്‍ വിറ്റുപോയെന്നു പറഞ്ഞ് സംഘം കമ്മീഷന്‍ തുക അക്കൗണ്ടിലിടും. ശേഷം വലിയ വലിയ തുകകള്‍ മുടക്കിക്കും. ഇവ വിറ്റുപോയതിന്റെ ലാഭവും കമ്മീഷനും അറിയിച്ചു കൊണ്ടേയിരിക്കും. തുടര്‍ന്ന് തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിയാതെ വരും. കമ്പനിയുമായി ബന്ധപ്പെടുമ്പോള്‍ കുറച്ചു കൂടി തുകക്കുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാലേ പണം പിന്‍വലിക്കാന്‍ കഴിയൂ എന്ന് അറിയിക്കും. വലിയൊരു സംഖ്യ മുടക്കികഴിയുമ്പോഴേക്കും കമ്പനി തന്നെ അപ്രത്യക്ഷമായിട്ടുണ്ടാകും.