അരമനകൾ ആർക്കും പോകാവുന്ന സ്ഥലങ്ങളാണ്; അതിനൊന്നും വേറെ വ്യാഖാനം കൊടുക്കേണ്ട കാര്യമില്ലെന്ന് കാനം

തിരുവനന്തപുരം: ബിജെപി നേതാക്കൾ സഭാധ്യക്ഷന്മാരെ സന്ദർശിച്ചതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അരമനകൾ ആർക്കും പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലമല്ലല്ലോയെന്ന് അദ്ദേഹം വ്യക്തമാക്കി.

അരമനകൾ ആർക്കും പോകാവുന്ന സ്ഥലങ്ങളാണ്. നേതാക്കൾ പോകട്ടെയെന്നും കാണട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസവും രാഷ്ട്രീയവുമൊന്നും ലളിതമായ പ്രശ്നങ്ങളല്ല. ഒരു രാത്രി ഉണർന്നു വെളുത്തതുകൊണ്ട് അത് മാറണമെന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ വീട്ടിലേക്ക് ഒരാൾ കയറിവന്നാൽ ഇറങ്ങിപ്പോ എന്ന് ആരെങ്കിലും പറയുമോ. അതിനൊന്നും വേറെ വ്യാഖാനം കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തിയ ബിജെപി അനുകൂല പരാമർശത്തെ കുറിച്ചും കാനം സംസാരിച്ചു. മതമേലധ്യക്ഷന്മാർ പറയുന്ന നിലപാടിന് അപ്പുറം എല്ലാവർക്കും സ്വതന്ത്രമായ നിലപാടുണ്ട്. ആലഞ്ചേരി പിതാവ് അദ്ദേഹത്തിന്റെ വീക്ഷണമാണ് പറഞ്ഞതെന്നാണ് കാനം വ്യക്തമാക്കിയത്.