‘അങ്ങേയറ്റം പരിഹാസ്യവും ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതും’; സല്‍മാന്‍ ഖാന്‍ ചിത്രത്തിലെ ഗാനരംഗത്തിനെതിരെ വിമര്‍ശനം

സല്‍മാന്‍ ഖാന്‍ ചിത്രം കിസി കാ ഭായ് കിസി കി ജാനിലെ യെന്റമ്മ ഗാനരംഗത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ രംഗത്ത്. ഗാന രംഗം ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്ന് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു. ക്ഷേത്രത്തിനുള്ളില്‍ ഷൂസ് ധരിച്ചിട്ടുണ്ടെന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ചൂണ്ടിക്കാണിച്ചപ്പോള്‍, ക്ഷേത്രപരിസരത്ത് പാദരക്ഷകള്‍ പാടില്ലായെന്നത് സിനിമയുമായി ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും ഇതൊക്കെ നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.

‘ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യവും ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു മുണ്ടാണ്’- ഇതിന് പിന്നാലെ എങ്ങനെയാണ് മുണ്ട് ഉടുക്കേണ്ടതെന്ന് കാണിക്കുന്ന ചിത്രവും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഒരാള്‍ ഈ ഗാനത്തില്‍ അമ്ബലത്തിനുള്ളില്‍ ഷൂസിട്ടാണോ കയറുന്നത് എന്ന് ചോദിക്കുന്നു. അതിനും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ മറുപടി നല്‍കി. ‘ഇന്നത്തെക്കാലത്ത് പണത്തിന് വേണ്ടി എന്തും ചെയ്യും. ലുങ്കിയും മുണ്ടും തമ്മിലുള്ള വ്യത്യാസം പോലും അവര്‍ നോക്കിയില്ല. സെറ്റാണെങ്കിലും ആ സെറ്റ് ഒരു അമ്ബലമായാണ് കാണിച്ചിരിക്കുന്നത്. ക്ഷേത്രപരിസരത്ത് പാദരക്ഷകള്‍ പാടില്ലായെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. ഇതൊക്കെ നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് പറയുന്നു’-ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.

കിസി കാ ഭായ് കിസി കി ജാനിലെ’ പുതിയ ഗാനം ഏതാനും ദിവസം മുന്‍പാണ് റിലീസായത്. സല്‍മാനൊപ്പം നടന്‍ വെങ്കിടേഷും ഗാനരംഗത്തുണ്ട്.