ഐഐടി ബിരുദം നേടിയിട്ടും ചിലർ വിവേകശൂന്യരായി തുടരുന്നു; കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന. ഐഐടി ബിരുദം നേടിയിട്ടും ചിലർ വിവേകശൂന്യരായി തുടരുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് എഎപി നടത്തുന്ന കാമ്പയിന്റെ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ബിരുദമുള്ളത് ആരും പൊങ്ങച്ചമായി കാണരുത്. വിദ്യാഭ്യാസം നേടി എന്നു വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റ് മാത്രമാണിത്. യഥാർഥ വിദ്യാഭ്യാസം ഒരാളുടെ സ്വഭാവത്തിലും അറിവിലുമാണ്. അല്ലാതെ ഡിഗ്രി സർട്ടിഫിക്കറ്റിലല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചു. ഇതോടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും കെജ്രിവാളിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.