ന്യൂഡൽഹി: ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് എക്സ്പ്രസ് വേ നിർമ്മിക്കുന്നത്.
എക്സ്പ്രസ് വേ നിർമ്മാണം പൂർത്തിയാകുന്നതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 8,300 കോടി രൂപ ചെലവിട്ടാണ് പദ്ധതി നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡെറാഡൂണിന് സമീപമുള്ള ഹൈവേയുടെ അവസാന 20 കിലോമീറ്റർ ഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാജാജി നാഷണൽ പാർക്കിന്റെ ഇക്കോ സെൻസിറ്റീവ് സോണിലൂടെയാണ് ഇത് കടന്നുപോകുന്നത്. 340 മീറ്റർ ദത്ത് കാലി തുരങ്കം ഉൾപ്പെടുന്ന 12 കിലോമീറ്റർ എലിവേറ്റഡ് വന്യജീവി ഇടനാഴിയാണ് നിർമിക്കുന്നത്. ചുറ്റുമുള്ള വന്യജീവികളെ സംരക്ഷിക്കാനാണ് തുരങ്കം ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു.
2020-ൽ ആണ് ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയുടെ നിർമാണത്തിന് അനുമതി നൽകി. ഗണേഷ്പൂർ-ഡെറാഡൂൺ റോഡിൽ (NH-72A) സ്ട്രെച്ചിലെ മൃഗങ്ങളുടെ ഇടനാഴിയിൽ പരിസ്ഥിതിക്ക് ഒരു നാശവും സംഭവിക്കില്ലെന്നും ഒരു തടസ്സവും ഉണ്ടാക്കില്ലെന്നും വിലയിരുത്തിയ ശേഷമാണ് ദേശീയ ഹരിത ട്രൈബ്യൂണൽ അനുമതി നൽകിയത്.

