തിരുവനന്തപുരം: മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ വിവാദം ശക്തമാകുന്നു. ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായാണ് കേസിലെ പരാതിക്കാരനായ ആർ എസ് ശശികുമാർ ആരോപിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും വിരുന്നിൽ പങ്കെടുത്തിരുന്നു. ഇതാണ് വിവാദം ഉയരാൻ കാരണം. മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നനത്. അനാവശ്യ വിവാദമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ലോകായുക്ത ഭിന്ന വിധി പുറപ്പെടുവിച്ചത്. കേസ് ഏപ്രിൽ 12ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യം വിവാദമാകുന്നത്. വിരുന്നിനെ കുറിച്ചുള്ള സർക്കാറിന്റെ വാർത്താകുറിപ്പിൽ ലോകായുക്തയുടെ പേര് വെച്ചിരുന്നില്ല. പരിപാടിയെ കുറിച്ചുള്ള പിആർഡി വാർത്താകുറിപ്പിൽ പങ്കെടുത്തുവരുടെ പട്ടികയിലും ലോകായുക്തയുടെ പേര് പരാമർശിച്ചിട്ടില്ലായിരുന്നു.

