കർഷക സമൂഹത്തിന് ആശ്വാസം; ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി വനംമന്ത്രി

തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടുന്ന വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം ചിന്നക്കനാലിലെ കർഷക സമൂഹത്തിന് ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേ നീക്കിയതിൽ ആശ്വാസമുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അരിക്കൊമ്പനെ മാറ്റുന്നതിനായി വനം വകുപ്പ് ആവശ്യമായ നടപടികളെടുക്കും. സുരക്ഷ ഉറപ്പാക്കി ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച് സമയവും ക്രമീകരണങ്ങളുമെല്ലാം തീരുമാനിക്കാനുള്ള അധികാരം വനംവകുപ്പ് അധികൃതർക്കാണ്.

ഇതിനായി പോലീസ്, ഫയർ ഫോഴ്സ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹായവും തേടാം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്നായിരുന്നു വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. പറമ്പിക്കുളം മുതുവരച്ചാൽ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി പറഞ്ഞിരുന്നു. തുടർന്നാണ് കോടതിയുടെ തീരുമാനം.

മദപ്പാടുള്ള ആനകളെ ഇത്തരത്തിൽ മാറ്റുന്നതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടോയെന്ന് ചീഫ് വെറ്ററിനറി ഓഫീസറോട് ചോദിച്ചു. ഇതിന് അനുകൂല മറുപടിയാണ് ലഭിച്ചതോടെയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.